കാട്ടാക്കട: കാട്ടാക്കട പഞ്ചായത്തിലെ കാവിൻപുറം വാർഡിൽ മേച്ചിറ-കൊല്ലോട് തോടിന് കുറുകെ ശകലത്തുവിളാകത്ത് പാലമായെങ്കിലും സമാന്തരറോഡ് പണിയാത്തതിനാൽ ദുരിതത്തിലാണ് വാഹനയാത്രികർ. പ്രദേശവാസികളുടെ ആവശ്യപ്രകാരം 2015-ലാണ് തോടിന് കുറുകെ പാലവും അനുബന്ധ റോഡും പണിയാൻ ജില്ലാപഞ്ചായത്ത് പദ്ധതിയിട്ടത്.
എന്നാൽ വേണ്ട തുക അനുവദിക്കാത്തതിനാൽ പദ്ധതി മുടങ്ങി. ഇതിനിടെ കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയുടെ കാലത്ത് ജില്ലാപഞ്ചായത്തിന്റെ മറ്റൊരു ഫണ്ടിൽ പാലം പണി പൂർത്തിയാക്കി. എന്നാൽ അപ്രോച്ച് റോഡ് പണി നടന്നില്ല. കൂടാതെ പൂർത്തിയായ പാലത്തിന് നിലവിലുണ്ടായിരുന്ന പാതയേക്കാളും ഉയരം കൂടുതലായതോടെ സമാന്തര റോഡ് പണിക്കുള്ള ചെലവും കൂടി. റോഡില്ലാതെ പാലംകൊണ്ട് ഉപയോഗമില്ലാത്ത സ്ഥിതി വന്നതോടെ 2022-23-ൽ 7,19,000 രൂപ റോഡിനായി അനുവദിച്ചു.
ഈ പദ്ധതിയും വഴിയിലായി. ഇതോടെ നാട്ടുകാർ പ്രതിഷേധിച്ചു. വീണ്ടും 2024-25ൽ റോഡിനായി 10,92,733 അനുവദിക്കുകയും പണി ആരംഭിക്കുകയും ചെയ്തു. എന്നാൽ അതും നിലച്ചു. പാലത്തിന് അനുബന്ധമായി 20 മീറ്ററോളം ദൂരം മാത്രമാണ് റോഡ് പണിയാനായത്. നിലവിൽ റോഡിൽനിന്നു 200 മീറ്ററോളം ഭാഗത്ത് തോട്ടിൽ പാർശ്വഭിത്തി പണിതാലേ സമാന്തര റോഡ് പൂർത്തിയാക്കാനാകൂ. ഇതിൽ 10 മീറ്ററോളം ഭാഗത്ത് പഴയ പദ്ധതിയിൽ പണിത പാർശ്വഭിത്തി നിലവിലുണ്ട്.
ഇപ്പോൾ പാലമുണ്ടെങ്കിലും റോഡ് ഇല്ലാത്തതിനാൽ പ്രദേശവാസികൾക്ക് കാൽനടയാത്രയാണ് ആശ്രയം. അപ്രോച്ച് റോഡ് പൂർത്തിയായാൽ കിള്ളിയിൽനിന്നു മണലി-മേച്ചിറ പ്രദേശങ്ങളിലേക്കും തിരിച്ചുമുള്ള യാത്രാദുരിതം അവസാനിക്കും.
പലതവണ റോഡിനായി ഫണ്ട് അനുവദിച്ചെങ്കിലും പൂർത്തിയാക്കാനാകാത്തത് വീഴ്ചയാണ്. വർഷങ്ങളായുള്ള ആവശ്യമാണിത്. അവഗണന അവസാനിപ്പിച്ച് റോഡ് പൂർത്തിയാക്കി യാത്രാദുരിതം അവസാനിപ്പിക്കാൻ ജനപ്രതിനിധികൾ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം..